Thursday, August 6, 2020

ഏഴിലംപാല

കാർമേഘങ്ങളിലൊന്നു പെയ്യാതെ പതിച്ച പോലെയായിരുന്നു അന്ന് ആ പാറക്കൂട്ടം.അതിനു മുകളിരുന്നവർ കഥപറഞ്ഞും കൂക്കിവിളിച്ചും  ബാല്യകൗമാരങ്ങൾ പിന്നിട്ടു. യൗവനം മുറുകെ പിടിച്ചു വീണ്ടും അതിനു മുകളിലെത്താൻ ശ്രമിച്ച അവരുടെ പാദങ്ങൾ ഇടറി വീണു കൊണ്ടേയിരുന്നു.ഇന്ന് ദൂരെ കാഴ്ചയിൽ ആ പാറക്കൂട്ടം അഴിഞ്ഞുലഞ്ഞചുരുൾമുടി പോലെ  തോന്നിപ്പിച്ചു. പാദങ്ങൾ ഇടറി വീണ ആ രാത്രിയിൽ പാറക്കൂട്ടത്തിനടുത്തു കണ്ട മരത്തിൽ നിന്ന് അടർന്ന് വീണ ഇലകൾക്ക് ഏഴ് ദലങ്ങൾ ഉണ്ടായിരുന്നു.മരത്തിലെ വള്ളികൾ പാറക്കൂട്ടത്തിൽ വിരലുകളെ പോലെ പടരുകയും പൂവുകൾ ചൂടിക്കുകയും ചെയ്യുന്നുണ്ടാവണം. ആ അടർന്നു വീണ ഇലഞെട്ടുകളിൽ വെളുത്ത ചോര പൊടിയുന്നുണ്ടായിരുന്നു,അതെ അതൊരു ഏഴിലം പാല ആയിരുന്നു.  

Monday, August 3, 2020

A Journey from Bellary to Nedumbully with Rajamanikyam & Stephan Nedeumbully


ലൂസിഫെറിക്ക്യം

രാജരത്നംപിള്ളയും പി കെ ആറും തമ്മില് എന്തോ മുന്ജന്മ ബന്ധം ഉണ്ടിയിരുന്നിരിക്കണം എന്നു വേണം അവരുടെ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോൾ മനസ്സിലാക്കേണ്ടത് . രണ്ടുപേർക്കും രണ്ടു കുട്ടികൾ വീതമുണ്ടായിരുന്നെങ്കിലും (ഒരു പെൺകുട്ടിയും,ഒരു ആൺകുട്ടിയും) തങ്ങളുടെ മക്കളെക്കാളും അല്പം വിശ്വാസവും സ്നേഹവും കൂടുതൽ വളർത്തുമക്കളായ രാജമാണിക്യത്തോടും സ്റ്റീഫൻ നെടുമ്പുള്ളിയോടും ആയിരുന്നു.
രാജരത്‌നം പിള്ള തന്റെ ആദ്യ ഭാര്യയുടെ മരണശേഷം വീണ്ടും കല്യാണം കഴിച്ചു. തന്റെ ആദ്യ ഭാര്യയിൽ ഒരു മകനുണ്ട്. കല്യാണം കഴിക്കുന്ന സ്ത്രീയ്ക്കും അച്ചനാരണെന്ന് ഒരിടത്തും വെളിപ്പെടുത്താത്ത ഒരു മകനുണ്ടായിരുന്നു. മുത്ത് എന്നായിരുന്നു അന്ന് അവന്റെ പേര് . വളര്ത്തുമകനായി ഏറ്റെടുത്തവനെ രാജരത്നം പിള്ളയാണ് മാണിക്യം എന്ന് വിളിച്ചതും പിന്നീടത് രാജമാണിക്യം എന്ന് കൂട്ടിവിളിച്ചതും. രാജരത്‌നം പിള്ളയ്ക്ക് പിന്നീട് ഒരു പെൺകുട്ടി കൂടി ഉണ്ടാകുന്നു, ആദ്യ ഭാര്യയിലെ മകനായ രാജശെൽവവും രണ്ടാം ഭാര്യയിലെ മകളായ റാണിരത്നയും.
അതു പോലെ തന്നെ പി കെ ആറിനും ഒരാണും പെണ്ണും. പ്രിദര്ശിനിയും ജതിനും. അവര്ക്കിടയിലേക്ക് വളര്ത്തുമകനെ പേലെ കയറി വന്ന സ്റ്റീഫനോടുള്ള ഇരുവരുടെയും അനിഷ്ടമാണ് സ്റ്റീഫന് നാടുവിടാനുള്ള കാരണമാകുന്നതെങ്കില് പെറ്റമ്മ പോലും അവഗണിക്കുന്നതായിരുന്നു രാജമാണിക്യത്തിന് നാടുവിട്ടോടാന് പ്രേരകമായത്.

കാലങ്ങൾ കടന്നു പോയി ബിസിനസ്സുകാരനായ രാജരത്നം പിള്ളയും രാഷ്ട്രീയകാരനും, നിലവിലെ മുഖ്യമന്ത്രിയും കൂടിയായ പി കെ ആറും തങ്ങളുടെ പ്രവർത്തിമേഖലയിൽ ഒരുപാടു വളർന്നു .ചില ആഭ്യന്തര കലഹങ്ങൾ രാജരത്നംപിള്ളയുടേയും പി കെ ആറിന്റെയും ജീവിതത്തിലും ഉണ്ടാകുന്നു. അധികാര ധനമോഹികളായ മരുമക്കളും പുറകില് നിന്നു കുത്തുന്ന സഹപ്രവര്ത്തകര്ക്ക്കും ശത്രുക്കൾക്കും ഇടയിലാണ് തങ്ങളെന്ന് ഇരുവര്ക്കും അറിയാമായിരുന്നു. എങ്കിലും അവരുടെ ധൈര്യം തങ്ങളുടെ വളർത്തു മക്കൾ തന്നെയായിരുന്നു എന്നവരുടെ ഓരോ തീരുമാനവും വ്യക്തമാക്കുന്നുണ്ട്. ഇത്തരം സങ്കീര്ണതകളുമായി നില്ക്കുന്നതിനിടയിലാണ് കൂടെ നിന്നവര്ക്ക് വലിയൊരാഘാതം നല്കി അവര് മരണപ്പെടുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില് ആണ് ചുറ്റുമുള്ളവര്ക്കിടയിലേക്ക് ഇരുവരുടെയും താല്പര്യമെന്ന പോലെ വളര്ത്തുമക്കളായ രാജമാണിക്യവും സ്റ്റീഫനും തിരിച്ചെത്തുന്നത്.ഇവരുടെ മടങ്ങി വരവില് പലരും അസ്വസ്ഥരാവുകയും എങ്ങനെയും രാജമാണിക്യത്തെയും സ്റ്റീഫനെയും ഒതുക്കാനായി പദ്ധതികൾ മെനയുകയും ചെയ്യുന്നു.
എന്നാൽ ഒന്നും നടപ്പിലാകാത്ത സാഹചര്യത്തില് രാജമാണിക്യത്തെയും സ്റ്റീഫനെയും കുറിച്ചുള്ള അവരുടെ അന്വേഷണങ്ങൾ സംസ്ഥാനവും രാജ്യവും വിട്ട് അതിനുമപ്പുറത്തേക്കും പോകുന്നു.

ഇതിൽ നിന്നും മാണിക്യവും സ്റ്റീഫനും നമ്മൾ വിചാരിക്കുന്നത്തിനും അപ്പുറത്താണെന്നും അവർ തിരിച്ചറിയുന്നു. എന്നാൽ രാജരത്‌നം പിള്ളയുടെയും പി കെ ആറിന്റെയും മക്കൾ ഇതിനിടയിൽ ചെന്ന് പെടുന്ന പ്രശ്നങ്ങളിൽ നിന്നും മാണിക്യവും സ്റ്റീഫനും അവരെ കരകയറ്റുന്നു അവർക്കു തുണയാവുന്നു. അവർ മാണിക്യത്തെയും സ്റ്റീഫനെയും തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി സഹോദരനായി അംഗീകരിക്കുന്നു. മാണിക്യത്തിന് സന്തോഷമാവുന്നു ചെറുപ്പത്തിൽ രാജശെൽവത്തിനെ 'രക്ഷിക്കാനായി നഷ്ടപ്പെടുത്തിയ തന്റെ ഇടം കണ്ണിന്റെ വിഷമം മറക്കുന്നു.
(എങ്കിലും മാണിക്യത്തിന്റെകാള കുത്തിക്കൊന്ന രാജരത്നംപിള്ളയുടെ മരണത്തിനു കാരണക്കാരനായ ആ കുടുംബത്തിന്റെ ആജന്മ ശത്രുവായ സൈ മൺ നാടാരുടെ അന്വേഷണത്തിൽ തിരിച്ചറിഞ്ഞ മാണിക്യം ഇതായിരുന്നു ....ബെല്ലാരിയിൽ അവൻ "ബെല്ലാരി രാജ" വെറും പോത്തു കച്ചവടക്കാരൻ..സൗദിയിൽ അറബികൾക്കിടയിൽ അവൻ ''ഡയമണ്ട് രാജ" ,ഫ്ലൈറ്റ് ചാർട്ട് ചെയ്ത് ഫ്ലാഷ് കളിച്ചു ലക്ഷങ്ങൾ ഉണ്ടാക്കിയപ്പോ അവന്റെ പേര് "മുച്ചീട്ടു രാജ" പണച്ചാക്കുകളുടെ തർക്കം തീർക്കാൻ ഇടനിലക്കാരായി നിന്ന കാലത്തു അവന്റെ പേര് "മീഡിയേറ്റർ രാജ", ബെൻസ് കറുകളോടുള്ള പ്രിയം അവനെ "ബെൻസ് രാജ" യാക്കി )
സ്റ്റീഫൻ പിതാവിനെ കാണാൻ പള്ളിയിൽ പോകുന്നു നാട് വിട്ടതിനു ശേഷം ഇത്രയും വർഷങ്ങൾ എവിടെയായിരുന്നു എന്ന ചോദ്യത്തിന് കർത്താവിന്റെ അറിയപ്പെടാത്ത വർഷങ്ങളെ കുറിച്ച് സ്റ്റീഫൻ പിതാവിനെ ഓർമ്മിപ്പിക്കുന്നു. സ്റ്റീഫൻ നോക്കി നടത്തിയിരുന്ന അനാഥാലയവും അന്തേവാസികളെയും ഗോവർദ്ധനെ ഏൽപ്പിച്ചു മടങ്ങുന്നു. എല്ലാത്തിനുമൊടുവിൽ സ്റ്റീഫൻ മറ്റൊരു രാജ്യത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുമ്പോ തൻറെ വലംകയ്യും സഹോദരതുല്യനുമായ സയ്ദ് മസൂദിനൊപ്പം കാറിൽ കയറിയിട്ട് ഫോണിൽ പറയുന്നു അബ്രാം...!!! ....."ഖുറേഷി അബ്രാം" ഇത് കേട്ട ഫോണിന്റെ മറ്റേ തലയ്ക്കു ഉള്ള ആൾ ഞെട്ടി തെറിക്കുന്നു.

എന്നാൽ ഈ കണ്ടതും മനസ്സിലാക്കിയതും മാത്രമാണോ മാണിക്യവും സ്റ്റീഫനും എന്ന് അവരുടെ ആ വെളിപ്പെടാത്ത വര്ഷങ്ങൾക്കേ അറിയൂ.

Wednesday, January 2, 2019

'അവ്യക്തമായ അതീന്ദ്രീയ കാഴ്ചകൾ' (The Eye)


കാഴ്ചകളിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അവ്യക്തതതയും മുടിയിലെ വെള്ളിയിഴകളും ചില ഓര്മപെടുത്തലുകളാണ് ചെവികളിൽ കാലുടക്കി മൂക്കിൽ കയറി സ്ഥാനം പിടിച്ച വെളുത്ത കറുത്ത ഫ്രേയ്മുള്ള കണ്ണടയാണെങ്കിൽ ഈയിടെയായി അനുസരണക്കേടും കാട്ടി തുടങ്ങി. വായനയിൽ അക്ഷരങ്ങൾ മങ്ങിപോകുമ്പോ തുടർ കാഴ്ചകളിൽ നിന്ന് ചെറിയ വസ്തുക്കളും മറഞ്ഞു പോകുന്നുണ്ടോ എന്നൊരു സംശയമില്ലാതില്ല. ദി ഐ എന്ന സിനിമ ഷാജിയെം മലയാളത്തിൽ എടുത്തപ്പോൾ മിസ് ലേഖ തരൂർ കാണുന്നത് എന്നായിരുന്നു പേരിട്ടിരുന്നത് അതിലെ ലേഖയുടെ കാഴ്ചകളിൽ വന്നുപോകുന്ന അവ്യക്തമായ കാഴ്ചകളെയാണോർമ വന്നത്.'അവ്യക്തമായ അതീന്ദ്രീയ കാഴ്ചകൾ' അങ്ങനെയൊരു ചിന്ത തത്കാലം ആവശ്യമില്ലെങ്കിലും ഭ്രാന്തമായ സിനിമാസ്വാദനം ചില തേടലുകൾ നടത്തിയതിനു തെറ്റ് പറയാനാവില്ല. പിന്നീട് കണ്ടത് 'U Turn' എന്ന സിനിമയും....പേടിച്ചിട്ടല്ല എങ്കിലും ഇനി വൈകിക്കുന്നില്ല ഉടനെ ഐ സ്പെഷ്യലിസ്റ്റിനെ കണ്ടേക്കാം.

Monday, February 5, 2018

ചവറ്റുകൂന.....(Recycle Bin)





ദൂരേ നിന്ന് ഓടി വന്ന പട്ടിയെ ശ്രെദ്ധിച്ചപ്പോൾ റോഡിലെ കുളത്തിൽ നിന്നും അതു വെള്ളം കുടിക്കുന്നതായി കണ്ടു. എലിയും പൂച്ചയും ഉഭയ ജീവിയുടെ പട്ടികയിൽ ഉൾപ്പെട്ടു എന്ന സന്തോഷവാർത്തയും മഞ്ഞ പത്രത്തിൽ നിന്ന് വായിച്ചു. സിനിമ തിയറ്ററിനു മുന്നിലെ പാലഭിഷേകം കണ്ട ചിലർ പശുവിന്റെ കൊമ്പുകൾക്കിടയിലെ റേഡിയോ ആക്ടിവിറ്റിയെ പറ്റി പഠനം നടത്തി പട്ടിണി പാവങ്ങളുടെ വിശപ്പകറ്റി. നിലനിൽപ്പിനെ ഭയന്ന ചിലരാകട്ടെ വളച്ചൊടിച്ച വാക്കുകൾ കൊണ്ട് ക്ഷേത്രമുണ്ടാക്കി തള്ളി പറഞ്ഞവരെ ലൈവ് വീഡിയോകളിൽ മണിയടിച്ചു വാഴ്ത്തി പാടി. നടു കഷ്ണം നഷ്ടപ്പെട്ട ചേരകൾ ബലിയാടുകളായി. മനുഷ്യത്വം കാണിച്ചവർ ദേശവിരുദ്ധരായി മനുഷ്യത്വം എന്ന ചവറ്റുകൂനക്ക് മുകളിലെ എൻഡോസൾഫാൻ മരത്തിനു ചുറ്റും ആ അമ്മമാരോടും മക്കളോടും ഒപ്പം നിസ്സഹായരായി നിന്നു.

Sunday, November 26, 2017

തനിയാവർത്തനം.....(Redundant)



" ഭ്രാന്തിയെന്നു വിളിക്കപ്പെട്ട അവൾ കുഞ്ഞു നാളുകളിൽ എന്റെ പേടിസ്വപ്നമായിരുന്നു, കുട്ടികളെ കാണുമ്പോ കാലിലെ ചങ്ങലയും വലിച്ചുകൊണ്ടു ഓടിവരുന്ന രൂപമായിരുന്നിരിക്കാം ഒരു പക്ഷെ ഈ പേടിയുടെ കാരണം.
 മുഷിഞ്ഞ ഒറ്റ മുണ്ടിൽ ചങ്ങല കൊണ്ട് വരഞ്ഞ ചോര പാടുകൾ ഉണ്ടായിരുന്നു കണ്ണുകളിലെ അസാമാന്യമായ തിളക്കവും വികൃതമായ ചിരി യും ലോകം മുഴുവനുമുറങ്ങിയ ബാല്യകാല രാത്രികളിൽ എന്നെ പേടിപെടുത്തി.....
ഭ്രാന്ത് ഉൾവിളിയായ് ഉയർന്നപ്പോ തനിയാവർത്തനത്തിലെ ബാലൻ മാഷിനെപോലെ  ഒറ്റപെട്ടു എന്നിലേക്ക്‌ കൈമാറി തന്ന കാരാണവന്മാരെ കുറ്റപ്പെടുത്താതെ സന്തതി പാരമ്പരകൾക്കു വീതം വയ്ക്കാതെ മുഴുഭ്രാന്തനായി. കാലിലെ ചങ്ങല കൊണ്ട് മുഷിഞ്ഞ മുണ്ടിൽ കണ്ട ചോരപ്പാടുകൾ ഓർമയിലെ പേടിപ്പെടുത്തുന്ന ഭ്രാന്തിയെ കുഞ്ഞു നഷ്ടപെട്ട അമ്മയായ് അറിഞ്ഞു..... "


ഉള്ളിലിരുന്നൊരു പൊട്ടൻ തെയ്യം പിറു പിറുത്തും ഉറക്കെ ചിരിച്ചും ഒച്ചയുണ്ടാകുന്നുണ്ട്, ഒരു അഞ്ഞൂറു ആണ്ടെങ്കിലും ആയിട്ടുണ്ട് ഒന്നുറങ്ങിയിട്ട്.... !!  

Sunday, November 19, 2017

മോഷണം....(Snip)


" ജ്ഞാനപ്പാന മുഴങ്ങി കൊണ്ടിരുന്ന ഇന്നലെ വെളുപ്പിന്,
 മോഷ്ടിക്കപ്പെട്ട ഹൃദയവുമായി പിടിക്കപ്പെട്ട എന്നെ ആൽമരത്തിൽ കെട്ടിയിട്ടു........ 
നീ എത്തുമ്പോഴേക്കും......ഞാൻ കുളത്തിൽ മുങ്ങി താണു "


".................ജ്ഞാനപ്പാന ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടേയിരുന്നു,,,,


"നരി ചത്തു നരനായ്‌ പിറക്കുന്നു
നാരി ചത്തുടനോരിയായ്‌പോകുന്നു;
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻ ചത്തു കൃമിയായ്‌പിറകുന്നു;
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.
കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാർ
ഭൂമിയീന്നത്രേ നേടുന്നു കർമ്മങ്ങൾ;
സീമയില്ലാതോളം പല കർമ്മങ്ങൾ
ഭൂമിയീന്നത്രേ നേടുന്നു ജീവന്മാർ.

Monday, November 13, 2017

ചെമ്പരത്തി......(Hibiscus)


"ഭൂതകാല യാത്രകളെ ഓർക്കുമ്പോൾ മധുസൂദനൻ നായരുടെ വരികൾ മാത്രമാണ് ചുറ്റും മുഴങ്ങാറ്....പളുങ്കു തറയും ഷാൻലിയാറിന്റെ വെളിച്ചവും ശീതീകരിച്ച ചുവരുകൾക്കുള്ളിൽ മസ്തിഷ്ക മരണം 
തന്നിരിക്കാം. ബ്രഷുകൾ ഉപേക്ഷിച്ഛ് ചായത്തിൽ മുക്കിയ വിരലുകൾ കൊണ്ടെഴുതുമ്പോൾ ചായം ചാലിച്ച വിരലുകളിൽ നിന്റെ നഖക്ഷതങ്ങൾ ചുവന്ന ചെമ്പരത്തി പൂക്കൾ വരഞ്ഞിരുന്നു....., ആ പൂക്കളെ കണ്ട് നിനക്ക് ഭ്രാന്താണോ ? എന്ന് ചോദിക്കാൻ തുടങ്ങുമ്പോഴേക്കും  ഓർമ്മ തിരിച്ചറിയാനാവാത്ത വിധം വാക്കുകൾ നഷ്ടമായിരുന്നു..."
* ഈ പൂവുകളിലൊന്നിനെ  കണ്ടാണോ വൈക്കം മുഹമ്മദ് ബഷീർ ചോദിച്ചതെന്നറിയില്ല, "ആ രക്ത വര്ണമുള്ള പൂവ് നീ എന്ത് ചെയ്തു എന്ന് ? "