Monday, January 23, 2023

ആ രക്തവർണ്ണമുള്ള പൂക്കളാണ്........(Those Red Flowers)

ഇന്നലെ ആ മഴ പെയ്തൊഴിഞ്ഞപ്പോ ചില്ലു വാതിലിന്നപ്പുറത്തെ വെളുത്ത കാർട്ടണിൽ ഒരു മുടിയിഴ ഉടക്കിയിരുന്നു ചുവന്ന വരാന്തയിലെ മഴത്തുള്ളികൾ തിളങ്ങുന്നുണ്ടായിരുന്നു നെരൂദയുടെ കവിതയിലെ പ്രണയ കല്പനകളോ അതോ യാഥാർഥ്യമോ ഇപ്പോഴും വ്യക്തമല്ല പക്ഷെ ആ മുടിയിഴയും മഴ തുള്ളികളും നീയെന്ന ചെമ്പരത്തി പൂവിലേക്കടുപ്പിക്കുന്നു. ഇന്ന് മുറ്റം നിറയെ ബഷീർ ചോദിച്ച ആ രക്തവർണ്ണമുള്ള പൂക്കളാണ്...." ചെമ്പരത്തി പൂക്കൾ "

നൂലകലം.....(A Yarn Distance)

ഒരു നൂലുകൊണ്ടെന്നെ ബന്ധിക്കു..! , അതെന്നെ വരിഞ്ഞു മുറുക്കട്ടെ എന്നിട്ടു അഴിച്ചു വിടുമ്പോൾ അതിനൊരറ്റം നീയും പിടിക്കുക.....ഇപ്പോൾ എനിക്ക് നിന്നിലേക്ക്‌ ഒരു നൂലകലം മാത്രം.

മൊഴി....(Saying)

ഇത് ഈ അടുത്തകാലത്തുണ്ടായ ഭ്രമമാവാം.....എങ്കിലും നിന്റെ മൊഴികളിലെ വശ്യസൗന്ദര്യം എന്ന് മുതലാണ് ശ്രദ്ധയിൽ പെട്ടെതെന്നു ഓർമയില്ല കേട്ട് കൊണ്ടിരിക്കാൻ തോന്നുമ്പോൾ ഇത്തരം ഓർമകളെ മറക്കാനും ശ്രമിക്കാം അല്ലേ ?

സംശയം.....(Chancy)

എൻറെ ഇടവേളകൾ നീയെന്ന തുരുത്തിലേക്കൊഴുകിയെത്താനുള്ള പുഴകളായിരുന്നിരിക്കണം അല്ലെങ്കിൽ പിന്നെ നിന്നെ കാണുമ്പോൾ മാത്രമെന്താണവ തഴുകിയൊഴുകുന്നത്‌, സംശയം എന്റേതല്ല കയറു പൊട്ടിയ തോണി ഈ പുഴയിലൂടൊഴുകിയപ്പോ നിയന്ത്രിക്കാൻ കഴിയാഞ്ഞ മനസെന്ന തുഴയുടേതാവാം.

ഖയാൽ....(Thought)

കേൾക്കാൻ ഇമ്പമുണ്ടായിരുന്നു ആ വരികൾ ഫ്രീക്വെൻസി മാറുമ്പോൾ പതിഞ്ഞതും ഉച്ചത്തിലും റേഡിയോവിലൂടെ ഒഴുകിയെത്തി, പതിയെ മയങ്ങിപോയപ്പോ സ്വപനത്തിലും കൂടി ആ വരികൾ ഉണ്ടായിരുന്നു നടന്നു വന്ന കൊലുസിട്ട കാലുകൾ ആകട്ടെ ഞെട്ടിയുണർന്നപ്പോൾ കണ്ടില്ല....അതെ " കഭി കഭീ മേരെ ദിൽ മേം ഖയാൽ ആത്താ ഹെയ്‌ൻ.....കി ജെസെ തുജ്കോ ബനായാ ഗയാ ഹെയ്‌ൻ മേരെ ലിയേ " " കൂടെകൂടെ നിന്നെ കുറിച്ചുള്ള ചിന്തകൾ എൻറെ ഹൃദയത്തിൽ നിറയുന്നു....എന്തെന്നാൽ നീ എനിക്കുവേണ്ടിയാണല്ലോ ജന്മമെടുത്തത്"