Sunday, November 26, 2017

തനിയാവർത്തനം.....(Redundant)" ഭ്രാന്തിയെന്നു വിളിക്കപ്പെട്ട അവൾ കുഞ്ഞു നാളുകളിൽ എന്റെ പേടിസ്വപ്നമായിരുന്നു, കുട്ടികളെ കാണുമ്പോ കാലിലെ ചങ്ങലയും വലിച്ചുകൊണ്ടു ഓടിവരുന്ന രൂപമായിരുന്നിരിക്കാം ഒരു പക്ഷെ ഈ പേടിയുടെ കാരണം.
 മുഷിഞ്ഞ ഒറ്റ മുണ്ടിൽ ചങ്ങല കൊണ്ട് വരഞ്ഞ ചോര പാടുകൾ ഉണ്ടായിരുന്നു കണ്ണുകളിലെ അസാമാന്യമായ തിളക്കവും വികൃതമായ ചിരി യും ലോകം മുഴുവനുമുറങ്ങിയ ബാല്യകാല രാത്രികളിൽ എന്നെ പേടിപെടുത്തി.....
ഭ്രാന്ത് ഉൾവിളിയായ് ഉയർന്നപ്പോ തനിയാവർത്തനത്തിലെ ബാലൻ മാഷിനെപോലെ  ഒറ്റപെട്ടു എന്നിലേക്ക്‌ കൈമാറി തന്ന കാരാണവന്മാരെ കുറ്റപ്പെടുത്താതെ സന്തതി പാരമ്പരകൾക്കു വീതം വയ്ക്കാതെ മുഴുഭ്രാന്തനായി. കാലിലെ ചങ്ങല കൊണ്ട് മുഷിഞ്ഞ മുണ്ടിൽ കണ്ട ചോരപ്പാടുകൾ ഓർമയിലെ പേടിപ്പെടുത്തുന്ന ഭ്രാന്തിയെ കുഞ്ഞു നഷ്ടപെട്ട അമ്മയായ് അറിഞ്ഞു..... "


ഉള്ളിലിരുന്നൊരു പൊട്ടൻ തെയ്യം പിറു പിറുത്തും ഉറക്കെ ചിരിച്ചും ഒച്ചയുണ്ടാകുന്നുണ്ട്, ഒരു അഞ്ഞൂറു ആണ്ടെങ്കിലും ആയിട്ടുണ്ട് ഒന്നുറങ്ങിയിട്ട്.... !!  

Sunday, November 19, 2017

മോഷണം....(Snip)


" ജ്ഞാനപ്പാന മുഴങ്ങി കൊണ്ടിരുന്ന ഇന്നലെ വെളുപ്പിന്,
 മോഷ്ടിക്കപ്പെട്ട ഹൃദയവുമായി പിടിക്കപ്പെട്ട എന്നെ ആൽമരത്തിൽ കെട്ടിയിട്ടു........ 
നീ എത്തുമ്പോഴേക്കും......ഞാൻ കുളത്തിൽ മുങ്ങി താണു "


".................ജ്ഞാനപ്പാന ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടേയിരുന്നു,,,,


"നരി ചത്തു നരനായ്‌ പിറക്കുന്നു
നാരി ചത്തുടനോരിയായ്‌പോകുന്നു;
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻ ചത്തു കൃമിയായ്‌പിറകുന്നു;
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.
കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാർ
ഭൂമിയീന്നത്രേ നേടുന്നു കർമ്മങ്ങൾ;
സീമയില്ലാതോളം പല കർമ്മങ്ങൾ
ഭൂമിയീന്നത്രേ നേടുന്നു ജീവന്മാർ.

Monday, November 13, 2017

ചെമ്പരത്തി......(Hibiscus)


"ഭൂതകാല യാത്രകളെ ഓർക്കുമ്പോൾ മധുസൂദനൻ നായരുടെ വരികൾ മാത്രമാണ് ചുറ്റും മുഴങ്ങാറ്....പളുങ്കു തറയും ഷാൻലിയാറിന്റെ വെളിച്ചവും ശീതീകരിച്ച ചുവരുകൾക്കുള്ളിൽ മസ്തിഷ്ക മരണം 
തന്നിരിക്കാം. ബ്രഷുകൾ ഉപേക്ഷിച്ഛ് ചായത്തിൽ മുക്കിയ വിരലുകൾ കൊണ്ടെഴുതുമ്പോൾ ചായം ചാലിച്ച വിരലുകളിൽ നിന്റെ നഖക്ഷതങ്ങൾ ചുവന്ന ചെമ്പരത്തി പൂക്കൾ വരഞ്ഞിരുന്നു....., ആ പൂക്കളെ കണ്ട് നിനക്ക് ഭ്രാന്താണോ ? എന്ന് ചോദിക്കാൻ തുടങ്ങുമ്പോഴേക്കും  ഓർമ്മ തിരിച്ചറിയാനാവാത്ത വിധം വാക്കുകൾ നഷ്ടമായിരുന്നു..."
* ഈ പൂവുകളിലൊന്നിനെ  കണ്ടാണോ വൈക്കം മുഹമ്മദ് ബഷീർ ചോദിച്ചതെന്നറിയില്ല, "ആ രക്ത വര്ണമുള്ള പൂവ് നീ എന്ത് ചെയ്തു എന്ന് ? " 

Saturday, November 11, 2017

ശൂന്യം...... (Asomatous)
"സ്വപ്ന സഞ്ചാരികളോടൊപ്പമാണ് ഞാൻ സഞ്ചരിച്ചത്, അവരുടെ തോൾ സഞ്ചികളിൽ നിറയെ സ്വപ്നങ്ങളായിരുന്നു. അവർക്കിടയിൽ സ്വപ്‌നങ്ങൾ തിരഞ്ഞു 
പിന്നിടുന്ന വഴികളിലെ യാത്ര അര്ഥശൂന്യമാവുന്നതായി തോന്നി കാരണം സ്വപ്‌നങ്ങൾ എന്നത് എനിക്ക് വാക്കിനുമപ്പുറം പരിചിതമായ ഒന്നായിരുന്നില്ല, 

പാതയോരങ്ങളിലെ വെളിച്ചം മങ്ങി തുടങ്ങിയിരിക്കുന്നു  ......

മലനിരകൾക്കപ്പുറമുള്ള തേജസ്വികളായ മനുഷ്യരെ കാണുക അവരിലൊരാളാവുക ഇനിയും അന്യം തന്നെയോ? "

Othello......(കളിയാട്ടം)"ഒഥല്ലോ, തീവ്രമായ സ്വാർത്ഥമായ അനന്തമായ അന്ധമായ പ്രണയം ഒടുവിൽ തൂവാലയിൽ രക്തം പുരണ്ട നിൻറെ കുറ്റബോധം.....,
അവളുടെ പ്രണയം നീ മാത്രമായിരുന്നു എന്ന്  തിരിച്ചറിഞ്ഞപ്പോഴേക്കും നിന്നിൽ ആത്മസംഘർഷങ്ങൾ വേദനയാകുന്നു. പ്രണയിനി ഡെസ്ഡിമോണയെ  സ്വന്തമാക്കിയിട്ടും പ്രണയിച്ചു മതിവരാതെ അപകർഷതാ ബോധത്തിൻറെ ചൂഷണത്തിന് വിധേയനായി നീ നിന്റെ കൈകൾകൊണ്ട് തന്നെ രക്തം ചീന്തി......

ഒഥല്ലോ നിന്റെ പ്രണയം അറിഞ്ഞത് അവൾ മാത്രമായിരുന്നു..........പുനർ വായനകൾക്കു പിടി തരാതെ വശ്യമാണ് ഒഥല്ലോ-ഡെസ്ഡിമോണ പ്രണയം.

ഷേക്സ്പീരിയൻ കഥകളുടെ വേദനിക്കുന്ന വശ്യത ആസ്വാദനത്തിനുമപ്പുറം സ്പര്ശിക്കപെടുന്നു...

Monday, October 2, 2017

മാപ്പ്......( Contrite )

ഒത്തുതീർപ്പുകൾ ആത്മഹത്യാപരമാണ്....... 
നിലപാടുകൾ ഖണ്ഡിച്ചു അപര വ്യക്തിത്വം നേടിയെടുത്തപ്പോ സമ്മതനായി മാറി.....
കണ്ണാടിയിലെ നിന്നെ മരിച്ചു കിടക്കുന്നതായാണ് കണ്ടത്......
" പൈതലേ നാളെ ഒത്തു തീർപ്പുകൾ നിന്റെ വിയോഗത്തിലും ഉണ്ടാവും പതിവുകൾ വീണ്ടും ആവർത്തിച്ച് ആ മനുഷ്യമൃഗം മനോരോഗിയായി  സംരക്ഷിക്കപ്പെടും....സമ്മതനായി മാറും,......കുഞ്ഞുങ്ങളെ പിറക്കാതിരിക്കുക "   

Saturday, June 24, 2017

പിന്തുടർച്ച.......( Saudade)"വരണ്ട ചുണ്ടുകളിൽ ക്ലാവ് പിടിച്ചു 
ചുംബനം ഏതോ പൂവിൽ നിദ്രപ്രാപിച്ചു 
നഷ്ടപ്രണയം പെരു വിരലുകൾ തമ്മിൽ കൂട്ടിക്കെട്ടി 
വിശന്നൊട്ടിയ വയറിലെ ചെമ്പൻ രോമങ്ങളിൽ പൊടി പിടിച്ചിരുന്നു 
ലഹരിയുടെ പുകകൾ നിഴലുകളെ വികൃതമാക്കി  
ശാന്തമായുറങ്ങാൻ വാറ്റിയ മദ്യം അതിനു കഴിയാതെ 
ഭിത്തിയിൽ ഉടഞ്ഞിറങ്ങി.
 
ശവ പറമ്പിലെ മെത്തകളിൽ ഇന്നും തിരയുന്നു 
എന്നോ മരിച്ചു പോയ എന്നെ തന്നെ........"
 


** Statutory Warning

Smoking and drinking is injurious to health